പശ്ചിമ ഘട്ടത്തിന്റെ ഭാഗമാണ് കട്ടപ്പന നഗരസഭ. സമുദ്ര നിരപ്പില്‍നിന്നും ഏകദേശം 2952.72 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. അക്ഷാംശം 9.754033 വടക്കിനും രേഖാംശം 7.113615 കിഴക്കിനും ഇടയ്ക്കായി ഈ നഗരസഭ സ്ഥിതി ചെയ്യുന്നു. 52.77 ച.കി.മി വിസ്തൃതിയുള്ള നഗരസഭ കട്ടപ്പന വില്ലേജില്‍ ഉള്‍പ്പെടുന്നു.
നഗരസഭയിലെ പ്രധാന മണ്ണിനം ലാറ്ററൈറ്റ് മണ്ണാണ്. ഏലം, കുരുമുളക്, കാപ്പി മുതലായവ പ്രധാനമായും ഈ മണ്ണില്‍ കൃഷിചെയ്ത് വരുന്നു. നഗരസഭയിലെ പ്രധാന ജല സ്രോതസാണ് കട്ടപ്പനയാര്‍. കുന്തളംപാറ മുതല്‍ അഞ്ചുരുളി വരെ കട്ടപ്പനയാര്‍ വ്യാപിച്ച് കിടക്കുന്നു. അഞ്ചുരുളിയില്വച്ച് കട്ടപ്പനയാര്‍ പെരിയാറില്‍ പതിക്കുന്നു. കല്ലാണത്തണ്ട്,ഉമ്മിക്കുപ്പമല,അമ്പലപ്പാറ,മേട്ടുക്കുഴി,പുളിയന്മല,തവളപ്പാറ,ആനകുത്തി മല,കൊങ്ങിണിപ്പടവ്,കല്ലുകുന്ന്,വലിയപാറ,കുന്തളംപാറ,ചെകുത്താന്‍മല,മുളകരമേട്, കൗന്തി എന്നിവയാണ് നഗരസഭയിലെ പ്രധാനപ്പെട്ട കുന്നുകളും മലകളും. വനപ്രദേശം തീരെയില്ലാത്ത നഗരസഭയാണ് കട്ടപ്പന. നഗരസഭാ പ്രദേശത്ത് 15 ഹെക്ടര്‍ പാടശേഖരം ഉണ്ടായിരുന്നതില്‍ നിലവില്‍ 4 ഹെക്ടര്‍ മാത്രമാണ് അവശേഷിക്കുന്നത്. ടി സ്ഥലത്ത് വാഴ, കപ്പ മുതലായ കാര്‍ഷിക വിളകള്‍ കൃഷിചെയ്ത് വരുന്നു.